മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി
Monday, August 14, 2023 11:29 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ആദായനികുതി വകുപ്പിന്റെ ട്രൈബ്യൂണലാണ് വീണ മാസപ്പടി വാങ്ങിയതായി സ്ഥിരീകരിച്ചത്.
ഇത് ആരോപണമല്ല, മറിച്ച് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ്. മുഖ്യമന്ത്രിയുടെ അധികാരത്തിന്റെ തണല്‍ ഉപയോഗിച്ചാണ് വീണ ഇത്തരത്തില്‍ മാസപ്പടി വാങ്ങിയത്.
ഇത് അധികാര ദുര്‍വിനിയോഗത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു.
സിബിഐയ്ക്കും ഗവര്‍ണറുടെ ഓഫീസിനും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.