പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും
Thursday, August 10, 2023 6:46 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് പിരിയും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം സെപ്റ്റംബർ 11 മുതൽ 14 വരെ ആകും ഇനി സഭയുടെ തുടർ സമ്മേളനം ചേരുക.
നിയമസഭ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഇന്നും സെപ്റ്റംബറിലും അപരാഹ്ന സമ്മേളനങ്ങളും ചേരും. ഇന്ന് ഉപധനാഭ്യർഥനയും ആറു ബില്ലുകളുമാണു നിയമസഭ പരിഗണിക്കുന്നത്. അതേസമയം, സഭാ സമ്മേളനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ വിമർശനവും ഉയർന്നിരുന്നു.
ഇന്നു നിയമസഭ പരിഗണിക്കുന്ന പ്രധാന ബില്ലുകൾ:
2023ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ രണ്ടാം ഭേദഗതി ബിൽ, കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ (ഭേദഗതി) ബിൽ, കേരള കെട്ടിട നികുതി (ഭേദഗതി) ബിൽ, ഇന്ത്യൻ പങ്കാളിത്ത (കേരള ഭേദഗതി) ബിൽ.