സൂമും ഗൂഗിൾ മീറ്റുമടക്കം വീഡിയോ കോളിംഗിനു വേണ്ടി മാത്രമായി നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. ഇനി മുതൽ വീഡിയോ കോളിംഗ് നടത്തുന്പോൾ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ഫേസ്ബുക്ക് വഴി അറിയിച്ചു.

ലാൻഡ് സ്കേപ്പ് മോഡിലും, പോർട്രയേറ്റ് മോഡിലും വീഡിയോ കോൾ നടത്താൻ സാധിക്കുന്ന ഫീച്ചറും വാട്സ് ആപ്പിൽ ഉടൻ വരും. നിലവിൽ ബീറ്റാ വേർഷനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ വന്നിരിക്കുന്നത്.

ആഗോളതലത്തിൽ ഫീച്ചർ എത്തിക്കുന്നതിന് ഇനിയും സമയമെടുക്കും. സുക്കർബർഗ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്-ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പുതി‌യ ഫീച്ചറിന്‍റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഗൂഗിൾ മീറ്റ്, സൂം എന്നീ പ്ലാറ്റ്ഫോമുകളുടെ ഇന്‍റർഫേസിനോട് സമാനമാണ്.



വീഡിയോ കോളിൽ പങ്കെടുക്കുന്നവരുടെ മുഖം വലത് വശത്തുള്ള പ്രത്യേക ചതുരത്തിനുള്ളിൽ ദൃശ്യമാകും. ഇടത് വശത്ത് സ്ക്രീനിന്‍റെ സിംഹഭാഗവും നിറയും വിധം സ്ക്രീൻ ഷെയറിംഗ് ബ്ലോക്കും കാണാം.

ഏതാനും ആഴ്ച്ച മുൻപ് വാട്സ് ആപ്പ് ചാറ്റിൽ ഷോർട്ട് വീഡിയോ അയയ്ക്കുന്നതിനുള്ള ഫീച്ചർ കന്പനി അവതരിപ്പിച്ചിരുന്നു. വോയിസ് റെക്കോർഡ് ചെയ്യാനുള്ള ബട്ടണിൽ ഏതാനും സെക്കൻഡ് അമർത്തിപ്പിടിച്ചാൽ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷനും വരും.

ഇത്തരത്തിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോകൾ ശബ്ദസന്ദേശങ്ങൾക്ക് സമാനമായി അയയ്ക്കാൻ സാധിക്കും. ഇപ്പോൾ പരീക്ഷിക്കുന്ന സ്ക്രീൻ ഷെയ‌റിംഗ് ഫീച്ചർ വൈകാതെ വാട്സ് ആപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് , വിൻഡോസ് വേർഷനുകളിൽ വരുമെന്നാണ് സൂചന.