അമ്മയായി തിരിച്ചെത്തിയ വോസ്നിയാക്കി ജയിച്ചു തുടങ്ങി
Wednesday, August 9, 2023 8:14 AM IST
മോൺട്രിയൽ: ടെന്നീസ് കോർട്ടിലേക്ക് മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ കരോളിൻ വോസ്നിയാക്കി ജയിച്ചു തുടങ്ങി. കാനഡ ഓപ്പൺ ആദ്യ റൗണ്ടിൽ ഓസ്ട്രേലിയൻ താരം കിംബർലി ബിരെലിനെ വോസ്നിയാക്കി പരാജയപ്പെടുത്തി.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡാനിഷ് താരത്തിന്റെ വിജയം. സ്കോർ: 6-2 6-2. രണ്ട് കുട്ടികളുടെ അമ്മയായ വോസ്നിയാക്കി 2020 ന് ശേഷം ആദ്യമായാണ് കോർട്ടിൽ ഇറങ്ങുന്നത്. യുഎസ് ഓപ്പണിൽ കളിക്കണമെന്ന ആഗ്രഹം ഡാനിഷ് താരം പങ്കുവച്ചിരുന്നു. പിന്നാലെ ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്ക് വോസ്നിയാക്കിക്ക് വൈൽഡ് കാർഡ് ലഭിച്ചു.
2009ലും 2014ലും യുഎസ് ഓപ്പൺ ഫൈനലിസ്റ്റാണ് മുൻ ലോക ഒന്നാം നമ്പറായ വോസ്നിയാക്കി. അമ്മയാവാൻ അവധിയെടുത്ത ഡാനിഷ് സുന്ദരി 2020 ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം കോർട്ടിൽ എത്തിയിട്ടില്ല. രണ്ട് വയസുകാരി ഒലിവിയ, 10 മാസം പ്രായമുള്ള മകൻ ജെയിംസ് എന്നിവരാണ് വോസ്നിയാക്കിയുടെ മക്കൾ.