സിറ്റിയെ വീഴ്ത്തി കമ്യൂണിറ്റി ഷീൽഡ് നേടി ഗണ്ണേഴ്സ്
Monday, August 7, 2023 1:13 AM IST
ലണ്ടൻ: ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷന്റെ കമ്യൂണിറ്റി ഷീൽഡിൽ മുത്തമിട്ട് ആഴ്സനൽ. പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പെനൽറ്റി ഷൂട്ട്ഔട്ടിൽ 4-1 എന്ന സ്കോറിന് വീഴ്ത്തിയാണ് ഗണ്ണേഴ്സ് വിജയക്കൊടി പാറിച്ചത്.
എർലിംഗ് ഹാലൻഡിന് പകരം കളിക്കളത്തിലെത്തിയ കോൾ പാമർ 77-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ വിജയമുറപ്പിച്ചിരുന്ന സിറ്റിയെ ലിയാൻഡ്രോ ടോസാർഡ്(90+13') ആണ് തടഞ്ഞുനിർത്തിയത്.
താരങ്ങളുടെ നിരന്തര പരിക്കുകളും കൂട്ടിയിടിയും മൂലം അധികസമയ ക്ലോക്കിൽ ലഭിച്ച ആനുകൂല്യം മുതലെടുത്ത ആഴ്സനൽ, ഫൈനൽ വിസിലിന് സെക്കൻഡുകൾ മുമ്പാണ് സിറ്റി ഡിഫൻഡറുടെ ഡിഫ്ലക്ഷൻ സഹായം ഉപയോഗിച്ച് വലകുലുക്കിയത്.
തുടർന്ന് ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ കെവിൻ ഡിബ്രൂയ്ന്റെ ഷോട്ട് വെളിയിലേക്കും റോഡ്രിയുടെ ഷോട്ട് ഗണ്ണേഴ്സ് ഗോളി ആരൺ റാംസ്ഡേലിന്റെ കൈകളിലേക്കും പോയതോടെ കിരീടം സിറ്റിയിൽ നിന്നകന്നു. വിയേറയുടെ ഷോട്ട് വലയിലെത്തിയതോടെ, 17-ാം എഫ്എ ഷീൽഡ് സ്വന്തമാക്കി ആഴ്സനൽ വെംബ്ലിയിൽ നിന്ന് മടങ്ങി.