തേനി: ഉത്തമപാളയത്ത് പെട്ടിയിലടച്ച നിലയില്‍ പോലീസ് കണ്ടെത്തിയ ആന്തരിക അവയവങ്ങള്‍ മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇത് പോത്തിന്‍റെ അവയവങ്ങളാണെന്ന് തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഹൃദയം, കരള്‍ എന്നീ അവയവങ്ങള്‍ പെട്ടിയിലടച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരു മലയാളിയടക്കം ആറ് പേര്‍ തേനി പോലീസിന്‍റെ കസ്റ്റഡിയിലാണ്.

ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് അവയവം സൂക്ഷിച്ചതെന്നാണ് സൂചന. പൂജ ചെയ്ത നിലയിലാണ് പെട്ടി കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിയായ ചെല്ലപ്പനടക്കം ആറ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന ജെയിംസ് എന്നയാള്‍ ഒളിവിലാണ്.

മനുഷ്യന്‍റെയെന്ന വ്യാജേന മൃഗങ്ങളുടെ അവയവങ്ങള്‍ ഇവര്‍ പൂജ ചെയ്ത് നല്‍കുകയായിരുന്നു. മനുഷ്യന്‍റെ അവയവങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ധിക്കുമെന്ന് തെറ്റിധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ തേനി കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.