നൂഹ് കലാപം ആസൂത്രിതം: ഹരിയാന ആഭ്യന്തര മന്ത്രി
Saturday, August 5, 2023 6:01 AM IST
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ തിങ്കളാഴ്ച ആരംഭിച്ച സമുദായിക കലാപം ആസൂത്രിതമായിരുന്നെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്. കലാപം ആസൂത്രണം ചെയ്തവരെ കണ്ടെത്താൻ സർക്കാർ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കുന്നിന്റെ മുകളിൽനിന്നാണ് വെടിവയ്പുണ്ടായത്. കല്ലുകൾ ശേഖരിച്ചുവച്ചിരുന്നു. കലാപം ആരോ ആസൂത്രണം ചെയ്തതാണ്, സർക്കാർ അന്വേഷിക്കുകയാണ്- മന്ത്രി പറഞ്ഞു. നൂഹ് അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസിലും ശക്തമായ നടപടിയുണ്ടാകും. ആവശ്യമെങ്കിൽ അക്രമം നടത്തുന്നവർക്കെതിരെ ബുൾഡോസറുകളും ഉപയോഗിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
കലാപത്തിൽ ഇതുവരെ ആറു പേർ കൊല്ലപ്പെടുകയും പോലീസുകാരുൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് നൂഹ് എസ്പി വരുണ്‍ സിഗ്ലയെ മാറ്റി. നരേന്ദ്രർ ബിജാർനിയയാണു പുതിയ എസ്പി. കർഫ്യൂ ഏർപ്പെടുത്തിയ നൂഹ് ജില്ലയിൽ അർ ധസൈനിക വിഭാഗം ഫ്ളാഗ് മാർച്ച് നടത്തി. കലാപബാധിത പ്രദേശത്ത് ഇന്നലെയും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ, നൂഹ് ജില്ലയിലെ തൗരു പട്ടണത്തിൽ സർക്കാർസ്ഥലം കൈയേറി നിർമിച്ച 250 കുടിലുകൾ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. ബുൾഡോസറുകൾ ഉപയോ ഗിച്ചാണ് കൈയേറ്റങ്ങൾ ഇടിച്ചുനിരത്തിയത്. ആസാമിൽനിന്ന് എത്തിയ ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരുടേതായിരുന്നു കുടിലുകൾ. ബാഹ്യശക്തിക ൾക്കു കലാപത്തിൽ പങ്കുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞിരുന്നു.