കുട്ടികൾ ദിവസവും 40 മിനിറ്റ് ഫോൺ ഉപയോഗിച്ചാൽ മതി; പുതിയ നിയമവുമായി ചൈന
Friday, August 4, 2023 4:52 AM IST
ബെയ്ജിംഗ്: ചൈനയിൽ പതിനെട്ടിനു താഴെ പ്രായമുള്ളവരുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ പോകുന്നു. രാത്രി മൊബൈൽ ഉപയോഗം നിരോധിക്കാനാണു നീക്കം. പകൽ പരമാവധി ഉപയോഗം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തുകയും ചെയ്യും.
ഇന്റർനെറ്റ് നിയന്ത്രണ സമിതിയായ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയാണ് ഈ നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടു വരെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേട്ടശേഷമായിരിക്കും നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക.
കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കാനായി ‘മൈനർ മോഡ്’ എന്ന സംവിധാനം ഫോണിൽ ഉൾപ്പെടുത്തും. ഇതോടെ രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്കു ഫോൺ ഉപയോഗിക്കാൻ കഴിയില്ല. പകലത്തെ ഉപയോഗത്തിനും നിയന്ത്രണമുണ്ടാകും. എട്ടിനു താഴെ പ്രായമുള്ളവർക്ക് 40 മിനിറ്റേ ഉപയോഗിക്കാൻ കഴിയൂ.
എട്ടിനും പതിനാറിനും ഇടയിലുള്ളവർക്ക് ഒരു മണിക്കൂർ ഉപയോഗിക്കാം. 16-18 പ്രായമുള്ളവർക്ക് രണ്ടു മണിക്കൂറും. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കമേ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടൂ. 30 മിനിറ്റ് തുടർച്ചയായി ഉപയോഗിച്ചാൽ വിശ്രമിക്കാനുള്ള സന്ദേശം ഫോണിൽ പ്രത്യക്ഷപ്പെടും.
കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്തുന്നതടക്കമുള്ള ലക്ഷ്യങ്ങളോടെയാണു നീക്കം. കുട്ടികളിലെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ നേരത്തേതന്നെ സർക്കാർ നടപടികളെടുത്തിട്ടുണ്ട്. പുതിയ നിർദേശങ്ങൾക്കു രക്ഷിതാക്കൾ വലിയ പിന്തുണ നല്‍കുന്നുവെന്നാണു ചൈനയിൽനിന്നുള്ള റിപ്പോർട്ടുകൾ.