പിടി സെവന് കാഴ്ചശക്തി തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തുമെന്നു വനംവകുപ്പ്
Thursday, August 3, 2023 9:41 PM IST
പാലക്കാട്: വനംവകുപ്പ് പിടികൂടി ധോണിയിലെ കൂട്ടിലടച്ച പിടി സെവൻ (പാലക്കാട് ടസ്കർ- 7) എന്ന കാട്ടാനയുടെ കാഴ്ചശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങി വനംവകുപ്പ്. കാഴ്ചയില്ലാത്ത വലതു കണ്ണിന് പത്തു ദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആഴ്ചകൾക്ക് മുന്‍പാണ് കൊന്പന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്.
മയക്കു വെടിവച്ച് പിടികൂടുന്പോൾതന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോർട്ടിൽ പറയുന്നത്. പിടികൂടുന്പോൾ ആനയുടെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു. പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തിൽപ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നൽകിയിട്ടും കാഴ്ചശക്തിയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ് ഒരുങ്ങുന്നത്.
ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പിടി സെവനെ ആറു മാസംമുന്‍പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റിയത്. ശസ്ത്രക്രിയ നടത്തിയാൽ ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ കഴിയുമെന്നാണ് വനംവകുപ്പ് പറയുന്നത്.