കേസെടുക്കേണ്ടത് ഷംസീറിനെതിരേ: കെ.സുരേന്ദ്രന്
Thursday, August 3, 2023 9:27 PM IST
കോഴിക്കോട്: തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയ എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപ ഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത്. ഇസ്ലാം മതത്തിന്റെ മഹത്വത്തെക്കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീര്‍ ഗണപതിയെ അവഹേളിക്കുകയാണ്. ഇത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല.
മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പര്‍ പഠിപ്പിക്കാന്‍ വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇസ്ലാംമത വിശ്വാസിയായ ഷംസീര്‍ ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തികളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നു സുരേന്ദ്രന് പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്പീക്കറുടെ ഗണപതി അവഹേളനത്തിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്കാന് തയാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. സമാനചിന്താഗതിയുള്ള എല്ലാവരുമായും ചേര്‍ന്ന് ബിജെപി വലിയ പ്രതിഷേധമുയര്‍ത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.