മാർത്തയ്ക്ക് മോഹഭംഗം; ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്
Wednesday, August 2, 2023 7:12 PM IST
മെൽബൺ: വനിതാ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് ഗോൾഹിത സമനില വഴങ്ങിയതോടെയാണ് ഇതിഹാസ താരം മാർത്ത ഉൾപ്പെടുന്ന ബ്രസീൽ സംഘം ടൂർണമെന്റിൽ നിന്ന് പുറത്തായത്.
1995-ന് ശേഷം ആദ്യമായി ആണ് ബ്രസീൽ വനിതാ ലോകകപ്പിന്റെ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. അട്ടിമറിക്ക് സമാനമായ സമനിലയോടെ, ജമൈക്ക തങ്ങളുടെ ആദ്യ പ്ലേഓഫ് യോഗ്യതയാണ് സ്വന്തമാക്കിയത്.
ഗ്രൂപ്പ് എഫിൽ നാല് പോയിന്റുകളുമായി ഫ്രാൻസ്, ജമൈക്ക എന്നിവർ ബ്രസീലിനെക്കാൾ മുന്നിട്ട് നിന്നതിനാൽ പ്രീ ക്വാർട്ടർ പ്രവേശനത്തിന് കാനറികൾക്ക് ജയം അനിവാര്യമായിരുന്നു. ബ്രസീലിനെ സമനിലയിൽ പിടിച്ചതോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകളുള്ള ജമൈക്ക ഏഴ് പോയിന്റുകളുള്ള ഫ്രാൻസിനൊപ്പം പ്ലേഓഫ് യോഗ്യത നേടി.
മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ബ്രസീൽ, സംപൂജ്യരായ പനാമയ്ക്കൊപ്പമാണ് ഗ്രൂപ്പ് എഫിൽ നിന്നുള്ള ടൂർണമെന്റ് എക്സിറ്റ് ടിക്കറ്റ് നേടിയത്.
മത്സരത്തിൽ സമനില പിടിച്ചാൽ മതിയെന്ന ചിന്തയോടെ പൊരുതിയ ജമൈക്കൻ താരങ്ങൾ ഗോൾപോസ്റ്റിന് കാവൽനിന്നതോടെ ബ്രസീലിന് ഗോളുകൾ കണ്ടെത്താനായില്ല. 68 ശതമാനം പന്തടക്കത്തോടെ 15 ഷോട്ടുകളും പായിച്ചെങ്കിലും കാനറികൾക്ക് നിരാശയായിരുന്നു ഫലം.
17 ഗോളുകളുമായി വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ എന്ന ഖ്യാതിയുമായാണ് മാർത്ത അന്താരാഷ്ട്ര കരിയറിനോട് വിടപറയുന്നത്. ഈ ടൂർണമെന്റ് തന്റെ അവസാനത്തെ അന്താരാഷ്ട്ര പോരാട്ടമായിരിക്കുമെന്ന് മാർത്ത നേരത്തെ അറിയിച്ചിരുന്നു.