ഹരിയാന കലാപം: എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഖട്ടർ
Wednesday, August 2, 2023 7:07 PM IST
ഗുരുഗ്രാം: ഹരിയാനയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്തിയ പരാമർശം വിവാദത്തിൽ. തങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ഖട്ടറുടെ വാക്കുകൾ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. പോലീസിനോ സൈന്യത്തിനോയെന്നല്ല ആർക്കും ഇത് ഉറപ്പുനൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളുടെ സംരക്ഷണം നുഹിൽ വലിയ വിഷയമാണ്. പശുക്കളെ സംരക്ഷിക്കാൻ മുസ്ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമൂഹിക സൗഹാർദ്ദം ഉറപ്പാക്കാൻ മുസ്ലിം യുവാക്കൾ പശു സംരക്ഷണത്തിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിൽ ആളുകൾക്കുണ്ടായ നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട ഹോംഗാർഡുമാരുടെ കുടുംബത്തിന് 57 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.
സംഘർഷത്തിൽ ഇമാം ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. നൂഹ് ജില്ലയിലായിരുന്നു വ്യാപക അക്രമവും സംഘർഷവും അരങ്ങേറിയത്. തിങ്കളാഴ്ച വൈ കുന്നേരമാണു സംഘർഷം ആരംഭിച്ചത്. രണ്ടു ഹോം ഗാർഡുകൾ ഉൾപ്പെടെ നാലു പേർ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുഗ്രാമിലെ സെക്ടർ 57 മേഖലയിൽ നൂറോളം വരുന്ന സംഘം മോസ്ക് ആക്രമിച്ച് ഇമാമിനെ കൊലപ്പെടുത്തുകയായിരുന്നു. മോസ്കിന് അക്രമികൾ തീവയ്ക്കുകയും ചെയ്തു.
ബിഹാർ സ്വദേശിയായ സാദ് (26) ആണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെടിയേറ്റും കുത്തേറ്റും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് അൻജുമാൻ മസ്ജിദിനു നേരേ ആക്രമണമുണ്ടായത്. ഈ സമയം മോസ്കിൽ നിരവധി പേരുണ്ടായി രുന്നു. വെടിവയ്പിൽ ഖുർഷിദ് എന്നയാൾക്കും പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഗുരുഗ്രാമിലെ ബാദ്ഷാപുരിലെ ഹോട്ടലിനു ജനക്കൂട്ടം തീവച്ചു. പ്രദേശത്തെ മുസ്ലിംകളുടെ കടകൾ ജനക്കൂട്ടം തകർത്തു. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
ഹോം ഗാർഡുകളായ നീരജ്, ഗുർസേവക് എന്നിവരാണ് കൊല്ലപ്പെട്ടത്. നൂഹിലെ സംഘർഷത്തിൽ പത്തു പോലീസുകാർ ഉൾപ്പെടെ 50 പേർക്കു പരിക്കേറ്റു. 120 വാഹനങ്ങൾ അക്രമികൾ തകർത്തു. കലാപവുമായി ബന്ധപ്പെട്ട് 11 എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് 27 പേരെ കസ്റ്റഡിയിലെടുത്തു, നൂഹ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ ജില്ലകളിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.
വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര നുഹിന്റെ ഖേദ്ല മോഡിലെത്തിയപ്പോഴായിരുന്നു ഒരുസംഘം യുവാക്കൾ ഘോഷയാത്ര തടഞ്ഞത്. തുടർന്ന് കല്ലേറ് ആരംഭിച്ചു. ഘോഷയാത്രയിലുണ്ടായിരുന്നവർ തിരിച്ചു കല്ലെറിഞ്ഞതോടെയാണ് സംഘർഷം കത്തിപ്പടർന്നത്.