യുവത്വം ആത്മീയ ലഹരിയിൽ; യുവതയെ സ്വാഗതം ചെയ്ത് കർദിനാൾ മാനുവൽ ക്ലെമെന്റ്
ഫാ. ജോമി തോട്ട്യാന്‍
Wednesday, August 2, 2023 5:18 PM IST
ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാന നഗരം യുവസാക്ഷ്യത്തിന്റെ അലയടിയിലാണ്. പ്രധാന വേദികൾ, സംഗമ സ്ഥലങ്ങൾ, നഗരവീഥികൾ എല്ലാം യുവത്വത്തിന്റെ ആത്മീയ-ആഹ്ലാദ ലഹരിയിലാണ്. അതിർവരമ്പുകളില്ലാതെ കരുതലിന്റെയും ഐക്യത്തിന്റെയും യുവജന സാക്ഷ്യമായി 37-ാം ലോകയുവജന സംഗമത്തിന് ആരംഭമായി.
ലിസ്ബണ്‍ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമന്റിന്റെ (ജോസ് മക്കാരിയോ ഡോ നാസിമെന്റോ) മുഖ്യ കാര്‍മികത്വത്തില്‍ സംഗമത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിൽ നടന്ന ദിവ്യബലിയിൽ കര്‍ദിനാള്‍മാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും ലക്ഷക്കണക്കിന് യുവാക്കളും പങ്കെടുത്തു.
കർദിനാൾ മാനുവൽ ക്ലെമന്റ് ആറു ഭാഷകളിൽ ലോകത്തെ മുഴുവൻ യുവജനതയെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. സമ്മേളന ആപ്തവാക്യം "മറിയം തിടുക്കത്തിൽ പുറപ്പെട്ടു' എന്ന തിരുവചനഭാഗം കേന്ദ്രീകരിച്ച്, വചനത്തെ വഹിച്ച് കൂദാശകൾ സ്വീകരിച്ച് കാരുണ്യത്തിന്റെ മുഖമായി ക്രൈസ്തവ യുവാക്കൾ ലോകം മുഴുവൻ തിടുക്കത്തിൽ യാത്ര ചെയ്യണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു.
യുഎഇയിൽ നിന്നുള്ള "മാസ്റ്റർ പ്ലാൻ' എന്ന ജീസസ് ഗ്രൂപ്പ് ബാൻഡ് ഇന്ത്യൻ സാന്നിധ്യമായി ദിവ്യബലിക്ക് മുൻപ് സംഗീത വിസ്മയം തീർത്തു. വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, സാക്ഷ്യങ്ങൾ തുടങ്ങിയവയ്ക്ക് പുറമേ കോണ്‍ഫറൻസുകൾ, സിനിമകള്‍, എക്സിബിഷനുകള്‍, നൃത്ത-സംഗീത പരിപാടികള്‍, യൂത്ത് ഫെസ്റ്റിവലുകള്‍ എന്നിവ മഹാസമ്മേളത്തിന്റെ പ്രധാന ദിവസങ്ങളിലെ ആകർഷണങ്ങളാണ്.
വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ സംഗമത്തെ അഭിസംബോധന ചെയ്യും. തുടർന്നുള്ള ദിവസങ്ങളില്‍ യുവാക്കള്‍ക്കായി കുമ്പസാരത്തിലും കുരിശിന്റെ വഴിയിലും ഓഗസ്റ്റ് അഞ്ചിന് രാത്രി ജാഗരത്തിലും ആറിന് രാവിലെ ഒൻപതിന് പൊന്തിഫിക്കൽ ദിവ്യബലിയിലും മുഖ്യകാര്‍മികത്വം വഹിക്കും. സമാപന ദിനത്തില്‍ അടുത്ത യുവജന സംഗമ വേദിയും മാർപാപ്പ പ്രഖ്യാപിക്കും.