നൈജറിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഫ്രാൻസ്
Tuesday, August 1, 2023 7:12 PM IST
നൈയാമെ: പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കിയ നൈജറിൽ നിന്ന് പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഫ്രഞ്ച് സർക്കാരിന്റെ നേതൃത്വത്തിൽ നൈജറിൽ നിന്ന് പുറത്തെത്തിക്കുമെന്നാണ് സൂചന.
ഒരു ചെറിയ ബാഗിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രമെടുത്ത് തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് എത്താൻ പൗരന്മാർക്ക് ഫ്രഞ്ച് അധികൃതർ നിർദേശം നൽകി. നൈജറിൽ നിന്നുള്ള യാത്രാസംവിധാനങ്ങൾ പരിമിതമാണെന്നും ഒഴിപ്പിക്കൽ നടപടിക്ക് താമസം വരാൻ സാധ്യതയുണ്ടെന്നും ഫ്രഞ്ച് സർക്കാർ വ്യക്തമാക്കി.
നേരത്തെ, നൈജറിലെ ഫ്രഞ്ച് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഭരണം ഏറ്റെടുത്ത ജനറൽ അബ്ദുറഹ്മാൻ ചിയാനിയുടെ അനുയായികളാണ് ഫ്രഞ്ച് എംബസി ആക്രമിച്ചത്.
റഷ്യൻ പതാകകളും പുടിൻ അനുകൂല മുദ്രാവാക്യങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായി എത്തിയ ജനക്കൂട്ടം ഫ്രഞ്ച് എംബസിയുടെ മതിലിന്റെ ഒരു കവാടം തീവച്ച് നശിപ്പിച്ചു. ഇവരെ പിന്നീട് പോലീസെത്തിയാണ് സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്.
1960 വരെ ഫ്രഞ്ച് കോളനിയായിരുന്ന നൈജറിൽ, സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബാസുമിനെ മാറ്റി പട്ടാളം ഭരണം ഏറ്റെടുത്തതിൽ ഫ്രാൻസ് അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നൈജറിനുള്ള സാമ്പത്തികസഹായവും ഫ്രാൻസ് റദ്ദാക്കിയിരുന്നു.
നൈജറിന് സമീപത്തുള്ള മാലിയിൽ വാഗ്നർ സേനയെ ഉപയോഗിച്ച് സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള പുടിൻ ഫ്രാൻസിനെ ഒതുക്കി നൈജറിലും ശക്തിയുറപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് വിവരം. എന്നാൽ പട്ടാളം ഫ്രാൻസിനെ പൂർണമായും കൈയൊഴിഞ്ഞ് റഷ്യയുമായി അടുക്കുകയാണോയെന്ന് ഉറപ്പില്ലെന്ന് വിദഗ്ധർ അറിയിച്ചു.