ബ്രസീലിൽ പോലീസ് വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു
Tuesday, August 1, 2023 5:37 AM IST
ബ്രസീലിയ: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രസീലിയൻ പോലീസ് നടത്തിയ "പ്രതികാര' വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ തീരനഗരമായ സാവോ പോളോയിലാണ് സംഭവം നടന്നത്.
ഗൗരുജ പട്ടണത്തിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലഹരിക്കടത്ത് സംഘത്തെ പിടികൂടാനായാണ് പോലീസ് എത്തിയത്. എന്നാൽ പോലീസ് നടത്തിയ മർദനത്തിലും വെടിവയ്പ്പിലും അകപ്പെട്ട് ഒരു വഴിയോരക്കച്ചവടക്കാരൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു.
വെടിവയ്പ്പിനെത്തുടർന്ന് പ്രദേശത്ത് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും വെടിവയ്പ്പിനിടെ ഇവരുടെ കൂട്ടാളികളിൽ ഒരാൾ മരിച്ചെന്നും അധികൃതർ അറിയിച്ചു.