അഞ്ച് വയസുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും
Sunday, July 30, 2023 10:38 PM IST
എറണാകുളം: ആലുവയിൽ അതിക്രൂരമായി കൊലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ സന്ദർശിച്ചു. കുട്ടിയുടെ സംസ്കാരച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ ആരും പങ്കെടുത്തില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സന്ദർശനം.
അയൽവാസികളോട് കുട്ടിയുടെ കുടുംബത്തെപ്പറ്റി തിരക്കിയ മന്ത്രി, കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സർക്കാരിന്റെ പിന്തുണ അറിയിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയയാൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പോക്സോ കേസുകളിലെ ഇരകൾക്കുള്ള ഫണ്ടിൽ നിന്ന് കുട്ടിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്നും മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിയുടെ സംസ്കാരച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും കുട്ടിയുടെ കുടുംബം നീറുന്ന അവസ്ഥയിൽ നിൽക്കുന്ന സാഹചര്യമാണിതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
തന്റെ കുടുംബത്തിലെ ഒരംഗത്തിന് അനാരോഗ്യമുള്ളതിനാൽ കോട്ടയത്ത് ആയിരുന്നുവെന്നും ഇതിനാലാണ് കുട്ടിയുടെ സംസ്കാരത്തിന് എത്താൻ സാധിക്കാതിരുന്നതെന്നും കളക്ടർ വ്യക്തമാക്കി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി സർക്കാർ പ്രതിനിധിയായി ആലുവ തഹസിൽദാരെ അയച്ചിരുന്നെന്നും കളക്ടർ അറിയിച്ചു.