ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു
Sunday, July 30, 2023 8:19 PM IST
ബെയ്റൂട്ട്: ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.
ദക്ഷിണ ലബനനിലെ തീരപട്ടണമായ സിദോനിലെ ഐൻ എൽ ഹിൽവേ ക്യാമ്പിൽ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. മഹ്മൂദ് ഖലീൽ എന്ന ഭീകരവാദിയെ കൊല്ലാനായി യന്ത്രത്തോക്കുമായി എത്തിയ ഒരാളാണ് ആക്രമണം തുടങ്ങിവച്ചത്.
ഖലീലിന്റെ അനുയായി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രത്യാക്രമണത്തിൽ പലസ്തീനിയൻ സൈനിക ജനറലും മൂന്ന് കൂട്ടാളികളും കൊല്ലപ്പെട്ടു. പ്രദേശത്ത് യന്ത്രത്തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ച് വൻ ആക്രമണം നടന്നെന്ന് അധികൃതർ അറിയിച്ചു.
ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് നാടുവിട്ട പലസ്തീനികൾക്കായി 1948-ൽ സ്ഥാപിച്ച ഐൻ എൽ ഹിൽവേ ക്യാമ്പിൽ 55,000 പേരാണ് താമസിക്കുന്നത്.