കണ്ണൂരിലെ "ബ്ലാക്ക്മാന്' സിസിടിവിയില്‍; പോലീസ് അന്വേഷണം തുടങ്ങി
Sunday, July 30, 2023 2:01 PM IST
കണ്ണൂര്‍: ചെറുപുഴയിലെ ബ്ലാക്ക്മാന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞു. പുതപ്പുകൊണ്ട് ദേഹം മൂടിയ ആളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശനിയാഴ്ച രാത്രി പ്രാപ്പൊയിലെ ചങ്ങാതിമുക്കിലുള്ള വീട്ടിലെ സിസിടിവിയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി പ്രദേശവാസികളുടെ പേടിസ്വപ്നമാണ് "ബ്ലാക്ക്മാന്' . അജ്ഞാതനായ ഒരാള്‍ രാത്രിയില്‍ വീട്ടിലെത്തി കതകില്‍ മുട്ടിയ ശേഷം ചുവരില്‍ കൈയടയാളം പതിപ്പിച്ച് മടങ്ങുകയായിരുന്നു. പല വീടുകളുടെയും ചുവരില്‍ കരി കൊണ്ട് വിചിത്ര രൂപങ്ങള്‍ വരച്ചയ്ക്കുകയും "ബ്ലാക്ക്മാന്' എന്ന് എഴുതുകയും ചെയ്തിരുന്നു.
നാട്ടുകാരും പോലിസും ചേർന്ന് പല രാത്രികളിലും ഉറക്കമിളച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.