ഷംസീറിനും പി. ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു
Friday, July 28, 2023 9:30 PM IST
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിനും സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കും.
സ്പീക്കർ എ.എൻ.ഷംസീറിന് നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന പി. ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. ഷംസീറിനെതിരെ യുവമോർച്ച നടത്തിയ കൊലവിളി പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു ജയരാജൻ.
ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ. ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.