നൈജർ പ്രസിഡന്റായി പ്രഖ്യാപിച്ച് ജനറൽ അമാദൗ അബ്ദ്റമാനെ
Friday, July 28, 2023 6:30 PM IST
നിയാമി: നൈജറിൽ ഭരണ അട്ടിമറിക്കു ശേഷം പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് കേണൽ ജനറൽ അമാദൗ അബ്ദ്റമാനെ. ദേശീയ ടിവിയിലൂടെയാണ് അമാദൗ അബ്ദ്റമാനെ പ്രഖ്യാപനം നടത്തിയത്. രാജ്യം പടിപടിയായി നശിക്കുന്നത് തടയാൻ ഇടപെടൽ അനിവാര്യമായിരുന്നുവെന്നും 62 കാരനായ ജനറൽ പറഞ്ഞു.
മുഹമ്മദ് ബാസൂം ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത് എല്ലാം നന്നായി പോകുന്നുവെന്നാണ്. എന്നാൽ പരുഷമായ യാഥാർഥ്യം ഇതായിരുന്നില്ല- അദ്ദേഹം പറഞ്ഞു. ജനങ്ങളെ സംബോധന ചെയ്ത ജനറൽ അമാദൗ അബ്ദ്റമാനെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങിപ്പോകാനുള്ള സമയ പരിധി സംബന്ധിച്ച് പരാമർശിച്ചില്ല.
ബുധനാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി പ്രസിഡൻഷ്യൽ ഗാർഡുകൾ ഭരണം പിടിച്ചെടുത്തത്.‘രാജ്യസുരക്ഷയ്ക്കുള്ള ദേശീയ സമിതി’ എന്നാണ് അട്ടിമറിക്കാർ സ്വയം വിശേഷിപ്പിച്ചത്. ഇവരുടെ വക്താവായി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജനറൽ അമാദൗ അബ്ദ്റമാനെ ഭരണം പിടിച്ചെ ടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് ഒഴിവാക്കാനായി അട്ടിമറിക്കാർക്കു പിന്തുണ നല്കുന്ന തായി സൈനികമേധാവി അബ്ദു ഈസ പിന്നാലെ അറിയിച്ചു.
ഇതിനിടെ, ബുധനാഴ്ച രാവിലെ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂം എവിടെയാണെന്നതിൽ വ്യക്തതയില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു പ്ര സിഡന്റായ മുഹമ്മദ് ബാസൂം മുൻ കോളനി ഭരണകർത്താക്കളായ ഫ്രാൻസുമായും മറ്റു പാശ്ചാത്യശക്തികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ഭരണത്തിൽനിന്നു നീക്കംചെയ്യപ്പെട്ടതോടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പാശ്ചാത്യ ശക്തികളുടെ ഏക പിടിവള്ളി ഇല്ലാതാവുകയാണ്.
മേഖലയിലെ മറ്റു രാജ്യങ്ങളായ മാലി, ബുർക്കിന ഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യസേനകൾക്കു പകരം റഷ്യയിലെ വാഗ്നർ ഗ്രൂപ്പിന്റെ സേവനമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. അൽക്വയ്ദയുമായും ഐഎസുമായും ബന്ധ മുള്ള ഗ്രൂപ്പുകൾ നൈജറിൽ സജീവമാണ്.