ജോലി ‘ഗർഭിണിയാക്കൽ’, കൂലി 25 ലക്ഷം! മാഹിയിൽ യുവാവിന് നഷ്ടപ്പെട്ടത് അരലക്ഷം രൂപ
Thursday, July 27, 2023 9:46 PM IST
മാഹി: കുട്ടികളില്ലാത്ത യുവതികളെ "ഗർഭിണികളാക്കുന്ന' തൊഴിൽ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ ഇതരസംസ്ഥാനക്കാരന്റെ അരലക്ഷം രൂപ നഷ്ടമായി.
ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് ഓൺലൈനിൽ ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പുസംഘം പ്രവർത്തിച്ചത്. കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നായിരുന്നു വാഗ്ദാനം.
മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി(34)ക്കാണ് 49,500 രൂപ നഷ്ടപ്പെട്ടത്.
"ഗർഭം ധരിപ്പിക്കൽ ജോലി' ലഭിച്ചെന്നവകാശപ്പെട്ട ഒരാൾ ഓൺലൈനായി സംസാരിക്കുന്നതിന്റെ വീഡിയോ അയച്ചു കൊടുത്താണ് ബട്ടാരിയെ കുടുക്കിയത്.
ഒരു യുവതിയെ ഗർഭിണിയാക്കിയതിന് കന്പനിക്ക് ലഭിച്ച 25 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷം തന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നതായി വീഡിയോയിലുള്ളയാൾ പറഞ്ഞു. കൂടാതെ ഇയാൾക്ക് പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും അയച്ചുകൊടുത്തു. തൊഴിൽ വിവരങ്ങൾ കന്പനി പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ കന്പനിയിൽനിന്ന് ഒരു സന്ദേശം ബട്ടാരിക്ക് ലഭിച്ചു. കന്പനിയിൽ ജോലിയിൽ പ്രവേശിക്കണമെങ്കിൽ അപേക്ഷാ ഫീസ്, പ്രോസസിംഗ് ഫീസ് എല്ലാം ചേർത്ത് 49,500 രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശം. പണമയയ്ക്കാനുള്ള ക്യുആർ കോഡും അയച്ചുകൊടുത്തു.
ഇതിനു പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കപ്പെട്ടു എന്നാണ് യുവാവ് പറയുന്നത്. പണം നഷ്ടപ്പെട്ട കാര്യം യുവാവ് ലോഡ്ജ് ഉടമയോട് പറയുകയും ജോലിവാഗ്ദാനത്തിന്റെ കഥ വിശദീകരിക്കുകയും ചെയ്തു.
തുടർന്ന് ലോഡ്ജ് ഉടമയുടെ സഹായത്തോടെ മാഹി പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മാഹി പോലീസ് അന്വേഷണം ആരംഭിച്ചു.