കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ പിടിയിൽ
Wednesday, July 26, 2023 11:53 PM IST
കോഴിക്കോട്: താമരശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയറെ വിജിലൻസ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയറായ അബ്ദുള്‍ നസീര്‍ എം. ആണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായത്.
കോഴിക്കോട് കൂടരഞ്ഞി സ്വദേശിയുടെ പരാതിയിലാണ് നടപടി. റോഡ് വികസനത്തിനായി വിട്ടുനല്‍കിയ ഭൂമി കഴിച്ച് അവശേഷിക്കുന്ന വസ്തു അളന്ന് തിട്ടപ്പെടുത്താൻ പരാതിക്കാരൻ കൂടരഞ്ഞി വില്ലേജ് ഓഫീസിൽ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ തുടര്‍നടപടികള്‍ക്കായി താമരശേരി താലൂക്ക് സര്‍വേയര്‍ക്ക് കൈമാറിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്ന് പരാതിക്കാരൻ താലൂക്ക് സര്‍വേയറായ നസീറിനെ സമീപിച്ചപ്പോള്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഈ തുക ഗൂഗിള്‍ പേ വഴി നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനുശേഷവും നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ജൂലൈ 19-ന് പരാതിക്കാരൻ വീണ്ടും നസീറിനെ സമീപിച്ചപ്പോള്‍ വസ്തു അളന്ന് സ്കെച്ച് നല്‍കുന്നതിന് 10,000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് നല്കിയ തുക കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നസീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.