ടാറ്റുവിൽ മെസിക്ക് പകരം റോണോ; അർജന്റൈൻ വനിതാ താരത്തെ ആക്ഷേപിച്ച് ആരാധകർ
Wednesday, July 26, 2023 6:22 PM IST
മെൽബൺ: വനിതാ ലോകകപ്പിൽ അർജന്റീനയ്ക്കായി പൊരുതുന്ന സ്ട്രൈക്കർ യാമില റോഡിഗ്രസിന്റെ ടാറ്റുവിനെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. അർജന്റീനയുടെ ഇതിഹാസമായ ലയണൽ മെസിയെ ഒഴിവാക്കി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം റോഡിഗ്രസ് ശരീരത്തിൽ പച്ചകുത്തിയതാണ് മെസി ആരാധകരെ ചൊടിപ്പിച്ചത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇറ്റലിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട അർജന്റൈൻ ടീമിനായി റോഡിഗ്രസ് ഏതാനും മിനിറ്റുകൾ കളത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പണ്ടുമുതലേ പ്രശസ്തമായ റോഡിഗ്രസിന്റെ ടാറ്റു വീണ്ടും ചർച്ചയായത്.
റോഡിഗ്രസിന്റെ ഇടതുകാലിൽ ഡീഗോ മറഡോണയുടെയും റോണോയുടെയും ചിത്രങ്ങളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ തന്റെ ഇടതുകാലിന് ശക്തിപകരുന്നുണ്ടെന്ന് റോഡിഗ്രസ് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ, ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും താൻ മെസി വിരോധിയല്ലെന്നും റോഡിഗ്രസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. മെസി നമ്മുടെ ദേശീയ ടീമിന്റെ നായകനാണ്. എന്നാൽ സിആർ7 എന്റെ ആരാധ്യപുരുഷനും പ്രചോദനവുമാണ്.
ഇത്തരം ചർച്ചകൾ കാരണം തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും സ്വന്തം രാജ്യത്തെ താരങ്ങളെ മാത്രമേ ആരാധിക്കാവു എന്ന നിബന്ധനയൊന്നും ഇല്ലെന്നും റോഡിഗ്രസ് കുറിച്ചു.