പോലീസിന്റെ "മൈക്ക് ടെസ്റ്റിംഗ്'കഴിഞ്ഞു; ഉപകരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്കി
Wednesday, July 26, 2023 1:33 PM IST
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതില്‍ കേസെടുത്ത സംഭവത്തില്‍ നിന്നും തലയൂരി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് തിരിച്ചുനല്‍കി.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല.
വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേസെടുത്ത നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശന് പരിഹസിച്ചു.
ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയര്‍. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തില്‍ എന്താണ് നടക്കുന്നത് മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇടത് സര്‍ക്കാര്‍ കേരളത്തിലുള്ളവരെ ചിരിപ്പിച്ച് കൊല്ലുകയാണെന്നും സതീശന് പരിഹസിച്ചു. കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കയ്യൊഴിയാനാകില്ലെന്നും പ്രതിപക്ഷം തുറന്നടിച്ചു.
കേസ് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. മുഖ്യമന്ത്രി ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂര്‍ത്തിയാക്കി മൈക്കും ഉപകരണങ്ങളും മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്വി സൗണ്ട്സ് ഉടമ രഞ്ജിത്തിന് പോലീസ് കൈമാറി.
സംഭവം മനഃപൂര്‍വം അല്ലെന്നും തിരക്കിനിടയില്‍ ആളുകളുടെ കൈ കണ്‍സോളില്‍ തട്ടിയതാണ് മൈക്കില്‍നിന്നു മുഴക്കമുണ്ടാകാന്‍ കാരണമെന്നും സാധാരണ എല്ലാ പരിപാടികള്‍ക്കും ഹൗളിംഗൊക്കെ പതിവാണെന്നും രഞ്ജിത് പറഞ്ഞു. എന്തായാലും മൈക്ക് തിരികെ ലഭിച്ച ആശ്വാസത്തിലാണ് രഞ്ജിത്തിപ്പോള്‍.