പരിശോധനയല്ലാതെ നടപടി പാടില്ല: മൈക്ക് കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി
Wednesday, July 26, 2023 11:58 AM IST
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ താന്‍ സംസാരിച്ച മൈക്ക് പണിമുടക്കിയതിന്റെ പേരിൽ കേസെടുത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാ പരിശോധനയല്ലാതെ മറ്റ് നടപടിയൊന്നും പാടില്ലെന്ന് അദ്ദേഹം പോലീസിന് നിര്‍ദേശം നല്കി.
ഇതോടെ കേസ് അവസാനിപ്പിക്കാെനാരുങ്ങുകയാണ് കന്റോൺമെന്റ് പോലീസ്. ഇലക്ട്രിക്കല്‍ വിംഗ് പരിശോധന നടത്തിയശേഷം മൈക്ക് ഉപകരണങ്ങള്‍ ഉടമയ്ക്ക് ഇന്നുതന്നെ തിരിച്ചു നല്‍കിയേക്കും. പരിശോധനയുടെ ഭാഗമായി എടുത്ത കേസ് മാത്രമാണിതെന്നും അതില്‍ അസ്വഭാവികതയില്ലെന്നുമാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.
വിഷയത്തില്‍ കേരള പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്റോൺമെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. കേസ് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.