ലഡാക്കിൽ ആൾക്കൂട്ടത്തിന്റെ ക്രൂരമർദനം; പോലീസുകാർക്ക് ഗുരുതര പരിക്ക്
Tuesday, July 25, 2023 5:27 AM IST
ശ്രീനഗർ: ലഡാക്കിൽ ആൾക്കൂട്ടത്തിന്റെ ക്രൂരമർദനമേറ്റ രണ്ടുപോലീസുകാർക്ക് ഗുരുതര പരിക്ക്. ലേ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഹമ്മദ് ജാനിയെയും ഹെഡ് കോൺസ്റ്റബിൾ ഗുലാം റസൂലിനെയും ഒരു കൂട്ടം യുവാക്കൾ ഒരു റസ്റ്റോറന്റിൽ വച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽപോയ എട്ട് പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചില യുവാക്കൾ വഴക്കുണ്ടാക്കുന്നവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസുകാർ റസ്റ്റോറന്റിലേക്ക് പോയത്. എന്നാൽ ഇവർ സ്ഥലത്തെത്തിയപ്പോൾ സംഭവം വഷളാകുകയായിരുന്നു. പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.