ഗ്രെറ്റ തുൻബെർഗിന് പിഴശിക്ഷ വിധിച്ച് കോടതി
Monday, July 24, 2023 11:14 PM IST
സ്റ്റോക്ഹോം: സ്വീഡനിലെ മാൽമോ തുറമുഖം ഉപരോധിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് പിഴശിക്ഷ വിധിച്ച് കോടതി.
ജൂൺ19-ന് തുറമുഖത്തേക്ക് എണ്ണടാങ്കറുകൾ വരുന്ന റോഡ് ഗ്രെറ്റയും സംഘവും ഉപരോധിച്ച സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന കുറ്റത്തിനാണ് പിഴ വിധിച്ചിരിക്കുന്നത്.
തുൻബെർഗിന്റെ വരുമാനം പരിശോധിച്ച ശേഷമായിരിക്കും പിഴത്തുക നിശ്ചയിക്കുകയെന്ന് കോടതി അറിയിച്ചു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ടാങ്കർ തടയൽ അനിവാര്യമായ പ്രവർത്തിയാണെന്നുമാണ് തുൻബെർഗ് കോടതിയെ അറിയിച്ചത്.
സ്കൂൾ വിദ്യാർഥിയായിരിക്കെ, 2018-ൽ ക്ലാസ് കട്ട് ചെയ്ത് വെള്ളിയാഴ്ചകളിൽ പരിസ്ഥിതിവാദ പ്രതിഷേധവുമായി ഇറങ്ങിയാണ് തുൻബെർഗ് ലോകപ്രശസ്തയായത്.
പ്രതിഷേധങ്ങളുടെ പേരിൽ തുൻബെർഗിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സ്റ്റോക്ഹോം കോടതിയുടെ പിഴശിക്ഷയാണ് അവർക്കെതിരായ ആദ്യ "ശിക്ഷാനടപടി'.