ഡെൻമാർക്കിലെ ഇറാഖ് എംബസിക്ക് മുമ്പിൽ ഖുറാൻ കത്തിച്ച് പ്രതിഷേധക്കാർ
Monday, July 24, 2023 7:13 PM IST
കോപൻഹേഗൻ: സ്വീഡനിൽ ആരംഭിച്ച "മതഗ്രന്ഥപ്പോര്' ഡെൻമാർക്കിലേക്കും വ്യാപിക്കുന്നു. ഡെൻമാർക്ക് തലസ്ഥാനമായ കോപൻഹേഗനിലെ ഇറാഖി എംബസിക്ക് മുമ്പിൽ വലതുപക്ഷ അനുയായികളായ രണ്ട് പേർ ഇസ്ലാമിക മതഗ്രന്ഥമായ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചു.
സ്വീഡനിലെ ഖുറാൻ കത്തിക്കലിനെതിരെ ഇറാഖിൽ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് ഈ സംഭവം. "ഡാനിഷ് പേട്രിയറ്റ്സ്' എന്ന സംഘടനയുടെ അനുഭാവികളായ യുവാക്കളാണ് പ്രതിഷേധം നടത്തിയത്. ഖുറാൻ കത്തിക്കുന്നതിന് മുമ്പായി ഇവർ ഇറാഖി പതാക നിലത്തിട്ടുരച്ച് അപമാനിക്കുകയും ചെയ്തു.
ഇതിനിടെ, തുടർച്ചയായി ഖുറാനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഇറാഖ് അടക്കമുള്ള രാജ്യങ്ങൾ ശക്തമായി രംഗത്തുവന്നു.