ആറു വയസുകാരനെ കൊലപ്പെടുത്തിയശേഷം സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ
Saturday, July 22, 2023 12:02 PM IST
ഇടുക്കി: ആനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
കുട്ടികളുടെ അമ്മയുടെ സഹോദരീഭര്‍ത്താവാണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇയാള്‍ക്ക് മരണം വരെ തടവുശിക്ഷയും വിധിച്ചു. ആകെ 92 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. നാലുലക്ഷം രൂപ പിഴയും ചുമത്തി.
2021 ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് സംഭവം. ആറു വയസുള്ള ആണ്‍കുട്ടിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടികളുടെ അമ്മയേയും മുത്തശിയേയും ആക്രമിച്ചു.
പിന്നീട് 14 വയസുള്ള പെണ്‍കുട്ടിയെ സമീപത്തുള്ള ഏലത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.