ജെഡിഎസ് ഇനി ബിജെപിക്കൊപ്പം; കോണ്‍ഗ്രസിനെതിരെ പ്രവർത്തിക്കുമെന്ന് കുമാരസ്വാമി
Friday, July 21, 2023 6:38 PM IST
ബംഗളൂരു: കർണാടകയുടെ താത്പര്യം കണക്കിലെടുത്ത് ബിജെപിക്കൊപ്പം ചേർന്ന് പ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി.
പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാൻ ദേവഗൗഡ നിർദേശിച്ചു. കോൺഗ്രസ് ഭരണത്തിന്റെ ദോഷങ്ങൾ കണ്ടെത്തുകയാണ് ഈ സമിതിയുടെ ചുമതലയെന്നും കുമാരസ്വാമി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിക്കാൻ ഇനിയും സമയമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 11 മാസമുണ്ട്. പൊതുതെരഞ്ഞെടുപ്പ് വരുമ്പോൾ എന്തു സംഭവിക്കുമെന്നു നോക്കാം. പാർട്ടിയെ പുനഃസംഘടിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് ജെഡിഎസ് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കർണാടകയിലെ പ്രതിപക്ഷ നേതാവ് സ്ഥാനവും ജെഡിഎസിന് നൽകാൻ ബിജെപി തയാറാകുമെന്നായിരുന്നു റിപ്പോർട്ട്.