"രാജ്യത്തെ ഏറ്റവും ധനികനോ പാവപ്പെട്ടവനോ ആയ എംഎല്‍എ താനല്ല'
Friday, July 21, 2023 6:21 PM IST
ബംഗളൂരു: രാജ്യത്തെ എംഎല്‍എമാരിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന റിപ്പോര്‍ട്ടിന് മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍.
ദീര്‍ഘകാലം കൊണ്ട് താന്‍ സമ്പാദിച്ച സ്വത്താണിതെന്നും, രാജ്യത്തെ ഏറ്റവും ധനികനോ പാവപ്പെട്ടവനോ ആയ എംഎല്‍എ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,413 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിനുള്ളത്. ബംഗാളിലെ ഇന്ദസില് നിന്നുള്ള ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ദാരെയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
റിപ്പോര്‍ട്ട് പ്രകാരം വെറും 1,700 രൂപ മാത്രമാണ് ദാരെയുടെ ആസ്തി. മാത്രമല്ല അദ്ദേഹത്തിന് ബാധ്യതകളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എംഎല്‍എമാരുടെ ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ആദ്യ 20 പേരിലെ 12 പേരും കര്‍ണ്ണാടകയില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.
കര്‍ണാടക നിയമസഭയില്‍ ആകെ 224 എംഎല്‍മാരാണുള്ളത്. 64.3 കോടി രൂപയുടെ ശരാശരി ആസ്തിയാണ് ഇവര്‍ക്കുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗൗരിബദന്നൂരിലെ സ്വതന്ത്ര എംഎല്‍എയായ കെ.എച്ച്. പുട്ടസ്വാമിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1,267 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 1,156 കോടി രൂപയുടെ ആസ്തിയോടെ ഗോവിന്ദരാജ് നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രിയാ കൃഷ്ണ മൂന്നാം സ്ഥാനത്താണ്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 668 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. അഞ്ചാം സ്ഥാനത്ത് ഗുജറാത്തിലെ മാന്‍സ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎല്‍എ ജയന്തിഭായ് പട്ടേലിന് 661 കോടി രൂപയുടെ ആസ്തിയാണുള്ളത്.