ലിവർപൂൾ നായകൻ ഹെൻഡേഴ്സൻ സൗദിയിലേക്ക്
Thursday, July 20, 2023 2:19 AM IST
റിയാദ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂൾ എഫ്സിയുടെ നായകൻ ജോർദാൻ ഹെൻഡേഴ്സൻ സൗദി പ്രോ ലീഗിലേക്ക് കൂടുമാറുന്നു. സൗദി ക്ലബായ അൽ ഇത്തിഫാഖിന് 12 മില്യൺ പൗണ്ടിന് ഹെൻഡേഴ്സനെ കൈമാറുമെന്ന് ലിവർപൂൾ അറിയിച്ചു.
33-കാരനായ താരത്തിന് ലിവർപൂളിൽ രണ്ട് വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ഈ നീക്കം. സഹതാരമായ ഫാബിഞ്ഞോ 40 മില്യൺ പൗണ്ടിന്റെ കരാറിൽ അൽ ഇത്തിഹാദിലേക്ക് മാറിയതിന് പിന്നാലെയാണ് ഹെൻഡേഴ്സിന്റെ ഗൾഫ് ചാട്ടം. ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ക്ലബാണ് അൽ ഇത്തിഫാഖ്.
2011-ൽ സണ്ടർലാൻഡിൽ നിന്ന് റെഡ്സിലേക്ക് ചേക്കേറിയ താരം ടീമിനായി 491 മത്സരങ്ങളിൽ പോരാടിയിട്ടുണ്ട്. 33 ഗോളുകളും 58 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
2019-ലെ യുയേഫ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നീ നേട്ടങ്ങളിലും 30 വർഷത്തെ കാത്തിരിപ്പിന് ശേഷം ലിവർപൂളിന് ലഭിച്ച പ്രീമിയർ ലീഗ് കിരീടനേട്ടത്തിലും താരം പങ്കാളിയായിരുന്നു.