വിലാപയാത്രയെ അനുഗമിച്ച് മന്ത്രി വി.എന്‍.വാസവനും
Wednesday, July 19, 2023 1:53 PM IST
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ട് കോട്ടയത്തേക്കുള്ള വിലാപയാത്രയ്ക്കൊപ്പം സഹകരണ മന്ത്രി വി.എന്‍. വാസവനും. ഉമ്മന്‍ ചാണ്ടി തലസ്ഥാന നഗരിയോട് യാത്ര ചൊല്ലി മടങ്ങുമ്പോള്‍ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്.
ഒരുവശത്ത് ഉമ്മന്‍ചാണ്ടിയും മറുവശത്ത് വി.എന്‍. വാസവനും എന്ന നിലയിലായിരുന്നു നാലുപതിറ്റാണ്ടായി കോട്ടയത്തിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയ പോരാട്ടത്തിനിടയിലും രണ്ടുപേരും തമ്മില്‍ വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. എതിര് രാഷ്ടീയച്ചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി ഇത്തരത്തില്‍ അനുഗമിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്.
ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ താന്‍ അറിഞ്ഞുതുടങ്ങുന്നത് തന്റെ വിദ്യാര്‍ഥി രാഷ്ട്രീയകാലത്താണെന്നും അന്നുമുതല്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നതായും മന്ത്രി ദീപികയോടു പങ്കുവച്ചിരുന്നു.പരിചയം തുടങ്ങിയതിന് രാഷ്ടീയ കാരണവും ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥകാലമായപ്പോള്‍ വി.എന്‍. വാസവന് രാഷ്ടീയത്തില്‍ സജീവമായി, പാര്‍ട്ടിയുടെ ചുമതലകളില്‍ എത്തി. അക്കാലത്താണ് പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ചുമതലയേല്‍ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചത് അന്നാണ്.
കേരള കോണ്‍ഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാന്‍ എത്തുന്നത് പള്ളിക്കത്തോട്ടിലാണ്. ആ രാഷ്ട്രീയ പരീക്ഷണമാണ് അവിടെ വിജയിച്ചത്. പള്ളിക്കത്തോട്ടിലെ വിജയത്തിനു പിന്നിലെ ആളെ താന്‍ അന്വേഷിച്ചിരുന്നുവെന്ന് പിന്നീട് ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി തന്നോടു പറഞ്ഞു. തന്റെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അതിനു പിന്നില്‍.
1980ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു വി.എന്‍. വാസവന്. 1987ലും 1991ലും ഉമ്മന്‍ചാണ്ടിക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും പാര്‍ട്ടി ഏല്‍പ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു. ഉമ്മന്‍ചാണ്ടിയുമായുള്ള മത്സരം കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരുന്നു.
ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിട്ടിരുന്ന കോണ്‍ഗ്രസ് നേതൃനിരയിലെ അതികായനായിരുന്നു ഉമ്മന്‍ ചാണ്ടി അതേസമയംതന്നെ സൗമ്യസാന്നിധ്യവുമായിരുന്നുവെന്നും വി.എന്‍. വാസവന് ദീപികയോടു പറഞ്ഞു.