അതിഥി തൊഴിലാളി ആംബുലന്‍സില്‍ പ്രസവിച്ചു; തുണയായത് ഡ്രൈവര്‍
Monday, July 17, 2023 3:10 PM IST
ഇടുക്കി: ശാന്തന്‍പാറയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മധ്യപ്രദേശ് സ്വദേശിനി ആംബുലന്‍സില്‍ പ്രസവിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയുടെ സമയോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത്.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അതിഥി തൊഴിലാളികളായ ചോട്ടുലാലും വിജയപതിയും ശാന്തന്‍പാറ പഞ്ചായത്ത് ആംബുലന്‍സിന്റെ സഹായം തേടിയത്. കലശലായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി ഏഴു മാസം ഗര്‍ഭിണിയായ യുവതി പ്രസവിക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് ചോട്ടുലാല്‍ നിലവിളിക്കുന്നത് കേട്ട് ആന്റണി ആംബുലന്‍സ് നിര്‍ത്തി നോക്കുമ്പോള്‍ കുഞ്ഞ് പുറത്തേക്ക് വന്നിരുന്നു. ഇതിനിടെ യുവതി ബോധരഹിതയായി. മുഖത്ത് വെള്ളം തളിച്ചും തട്ടിവിളിച്ചും ഇവരെ എഴുന്നേല്‍പ്പിച്ചതും കുഞ്ഞിനെ പുറത്തെടുത്തതും ആന്റണിയാണ്.
ഇതിന് പിന്നാലെ ഇവരെ നെടുങ്കണ്ടം ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെ പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.