വേഗറെയിൽ പദ്ധതിക്കെതിരേ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ
Thursday, July 13, 2023 9:39 PM IST
തിരുവനന്തപുരം: ഇ. ശ്രീധരന്റെ സഹായത്തോടെ വേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നീക്കത്തിനെതിരേ രൂക്ഷപ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച കെ റെയിൽ പദ്ധതി ബിജെപി പിന്തുണയോടെ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണിതെന്ന് വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമാണിതെന്നും മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പാലമായി നിന്ന് പ്രവർത്തിക്കുന്നത് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് ആണെന്നും അദ്ദേഹം ആരോപിച്ചു.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കമ്മീഷൻ കൊള്ള നടത്താൻ സംസ്ഥാന സർക്കാർ കണ്ടെത്തിയ കെ റെയിൽ പദ്ധതി രൂപം മാറ്റി അവതരിപ്പിക്കാനാണ് കെ.വി. തോമസിനെ സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. കെ.വി. തോമസും ഇ. ശ്രീധരനും അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ബദൽ റെയിൽപാതാ നിർദേശങ്ങൾ വരുന്നു, കെ. സുരേന്ദ്രൻ എന്ന ബിജെപി അധ്യക്ഷൻ പരിപൂർണ പിന്തുണയുമായി രംഗത്തുവരുന്നു. മോദി-പിണറായി ചങ്ങാത്തം ഇതിലും ഭംഗിയായി എങ്ങനെ വെളിച്ചത്തുവരും.
ഇപ്പോൾ ഇ. ശ്രീധരൻ മുന്നോട്ടുവച്ച പുതിയ വേഗറെയിലിനും കണക്കാക്കുന്നത് ഒരു ലക്ഷം കോടി രൂപയാണ്. പദ്ധതിയിലൂടെ വൻ സാന്പത്തിക ബാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ ഇത്രകണ്ട് ഗുരുതരമായ നിലയിലാക്കി പദ്ധതി നടപ്പിലാക്കുന്നത് വഴി 10 ശതമാനം കമ്മീഷൻ മേടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ളത്.
പണം മാത്രമല്ല, തുരങ്കത്തിനായി ഭൂമി കുഴിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാകുമെന്നതും ബദൽ നിർദേശത്തെ എതിർക്കാൻ കാരണമാണ്. ഇപ്പോൾത്തന്നെ കെറെയിൽ വിരുദ്ധ സമിതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
കെ.വി തോമസും ബിജെപിയുമായി ഉണ്ടാക്കിയ "ഡീൽ’ എന്താണെന്ന് അറിയാൻ കേരളത്തിന് താത്പര്യമുണ്ട്. കമ്മീഷനിൽ ബിജെപി, സിപിഎം പങ്കു വയ്ക്കലാണോ വരുന്ന പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളാണോ ഇതിനു പിന്നിലെന്ന വെളിപ്പെടുത്തൽ നടത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നു കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.