പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും ബാധകമല്ല, നഷ്ടപരിഹാരം നൽകേണ്ടത് സർക്കാർ: പ്രഫ. ടി.ജെ.ജോസഫ്
Thursday, July 13, 2023 4:05 PM IST
കൊച്ചി: കൈവെട്ട് കേസില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും അത് തനിക്ക് ബാധകമല്ലെന്ന് പ്രഫ. ടി.ജെ.ജോസഫ്. ശിക്ഷ കുറഞ്ഞുപോയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമ വിദഗ്ധരാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സാക്ഷി പറയുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വം. അന്ധവിശ്വാസവും ജാതീയ വിഭാഗീയതയും ഇല്ലാത്ത ലോകമാണ് തന്റെ സ്വപ്നം.
മാനവികതയിലേക്ക് മതങ്ങളുടെ പ്രാകൃതമായ രീതികളില്‍നിന്ന് മോചനമുണ്ടാകാന്‍ ഈ വിധി സഹായിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാകുമോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകരാണ് പറയേണ്ടത്.
ഒരു പൗരനെന്ന നിലയില്‍ തന്നെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. മൂന്ന് തവണ തനിക്ക് നേരെ അപായശ്രമം ഉണ്ടായപ്പോൾ പോലീസില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ല.
തനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.