വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ
Wednesday, July 12, 2023 11:18 PM IST
സിയൂൾ: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം പുനരാരംഭിച്ച് ഉത്തര കൊറിയ. കൊറിയൻ തീരത്തിന് സമീപം വട്ടമിട്ട് പറക്കുന്ന യുഎസ് ചാരവിമാനങ്ങളെ ഭയപ്പെടുത്താനാണ് കിം ജോംഗ് ഉൻ മിസൈൽ പരീക്ഷണത്തിന് ഉത്തരവിട്ടതെന്നാണ് സൂചന.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച നിർമിച്ച ഹ്വാസോംഗ് 18 എന്ന മിസൈലാണ് കൊറിയ വിക്ഷേപിച്ചതെന്ന് വിദഗ്ധർ അറിയിച്ചു.
തലസ്ഥാനമായ പോംഗ്യാംഗിനു സമീപത്തുനിന്നു വിക്ഷേപിച്ച മിസൈൽ 6,000 കിലോമീറ്റർ ഉയരം വരെ താണ്ടിയ ശേഷം, 1,000 കിലോമീറ്റർ ദൂരത്ത് ജപ്പാൻ - കൊറിയൻ കടലിടുക്കിലാണ് പതിച്ചത്.
74 മിനിറ്റോളം മിസൈലിനെ ആകാശത്ത് തന്നെ നിറുത്തുന്ന രീതിയിൽ വിക്ഷേപണം നടത്തിയത് അയൽരാജ്യങ്ങളിൽ മിസൈൽ പതിക്കുന്നത് ഒഴിവാക്കാനും അവരെ പ്രകോപിപ്പിക്കാനുമാണെന്ന് വിദഗ്ധർ വ്യക്തമാക്കി.