സെന്തിൽ ബാലാജിയുടെ ജൂഡീഷൽ കസ്റ്റഡി നീട്ടി
Wednesday, July 12, 2023 9:15 PM IST
ചെന്നൈ: കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റു ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ ജൂഡീഷൽ കസ്റ്റഡി നീട്ടി. ജൂലൈ 26 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയിൽ വാദിച്ചു. സെന്തിലിന്റെ അഭിഭാഷകന്റെ വാദം വെള്ളിയാഴ്ച കേൾക്കും.
ജൂണ്‍ 14നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.