"ആക്രമിച്ചവര്‍ ആജ്ഞാനുവര്‍ത്തികള്‍ മാത്രം; യഥാര്‍ഥ കുറ്റവാളികള്‍ ഇന്നും കാണാമറയത്ത്'
Wednesday, July 12, 2023 1:46 PM IST
കൊച്ചി: തന്റെ കൈവെട്ടിയവര് ആയുധങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്താണെന്നും പ്രഫ. ടി.ജെ. ജോസഫ്. കൈവെട്ട് കേസില്‍ രണ്ടാംഘട്ടത്തില്‍ ആറുപ്രതികളെ ശിക്ഷിച്ച എന്‍ഐഎ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളുടെ ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല. പ്രതികളും തന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. അവര്‍ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
2015-ല്‍ ആദ്യഘട്ട വിധി വന്നപ്പോള്‍ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതില്‍ ഉത്കണ്ഠയില്ല. സാധാരണ പൗരനുള്ള കൗതുകമെ തനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ താന്‍ ജയിച്ചു നില്‍ക്കുകയാണ്. നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് യുദ്ധത്തില്‍ സ്വാഭാവികമാണെന്നും ജോസഫ് പറഞ്ഞു.
യഥാര്‍ഥ കുറ്റവാളികളുള്പ്പെടെയുള്ളവരെ ആധുനിക മനുഷ്യരാവാന്‍ ബോധവത്ക്കരിക്കണം. ആരും തന്റെ ജീവിതം തകര്‍ത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങള്‍ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.