കൈവെട്ട് കേസ്: ആറുപേര്‍ കുറ്റക്കാര്‍, അഞ്ചുപേരെ വെറുതേവിട്ടു; ശിക്ഷ വ്യാഴാഴ്ച
Thursday, July 13, 2023 8:44 AM IST
കൊച്ചി: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ 11 പ്രതികളില്‍ ആറുപേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. അഞ്ചുപേരെ വെറുതെ വിട്ടു. സംഭവത്തില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും എന്‍ഐഎ കോടതി നിരീക്ഷിച്ചു. ശിക്ഷ വ്യാഴാഴ്ച മൂന്നിന് വിധിക്കും.
രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്തീന് കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളായ ഷഫീഖ്, മന്‍സൂര്‍, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായിരുന്ന എം.കെ. നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.
ആദ്യഘട്ട വിചാരണ നേരിട്ട 31 പേരില്‍ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.
ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.