മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: സുപ്രീംകോടതി
Wednesday, July 12, 2023 9:33 AM IST
ന്യൂഡൽഹി: മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി. ഇതിനായി എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിയ്ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകൾ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കുറ്റപ്പെടുത്തി. തങ്ങളുടെ ആരാധനാലയങ്ങൾ അടക്കം തകർക്കപ്പെട്ടു. സൈന്യത്തോടും അർധ സൈന്യത്തെയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്ന് കുക്കി വിഭാഗം ആവശ്യം ഉന്നയിച്ചു.
അതേസമയം ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സൈന്യത്തിന് യഥേഷ്ടം പ്രവർത്തിക്കുന്നതിന് അധികാരം നൽകുന്ന ഉത്തരവുകൾ കോടതിക്ക് പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ 72 വർഷമായി ഇന്ത്യൻ സൈന്യത്തിന് അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും സൈന്യത്തിന്മേലുള്ള സിവിലിയൻ നിയന്ത്രണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്നും കോടതി ചൂണ്ടിക്കാട്ടി.