ഗുജറാത്ത് മോഡലിന് തിരിച്ചടി;16,000 കോടിയുടെ ചിപ് പ്ലാന്റ് പദ്ധതിയിൽ നിന്ന് പിന്മാറി ഫോക്സ്കോൺ
Monday, July 10, 2023 6:19 PM IST
അഹമ്മദാബാദ്: ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ ഗുജറാത്തിൽ ആരംഭിക്കാനിരുന്ന സെമി കണ്ടക്ടർ ചിപ് പ്ലാന്റ് പദ്ധതിയിൽ നിന്ന് പിന്മാറി.
ഇന്ത്യൻ കമ്പനിയായ വേദാന്തയ്ക്കൊപ്പം ചേർന്ന് ആരംഭിക്കാനിരുന്ന 16,000 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് തങ്ങൾ പിന്മാറുകയാണെന്ന് തായ്വാനീസ് കമ്പനിയായ ഫോക്സ്കോൺ വ്യക്തമാക്കി. ഇതോടെ, പദ്ധതി വേദാന്ത ഒറ്റയ്ക്ക് നയിക്കേണ്ട സ്ഥിതിയായി.
ചിപ് നിർമാണത്തിൽ മുൻപരിചയമില്ലാത്ത വേദാന്ത ഈ പദ്ധതി എങ്ങനെ തനിച്ച് നടപ്പിലാക്കുമെന്ന ആശങ്ക ഇതോടെ ഉയർന്നുകഴിഞ്ഞു.
കഴിഞ്ഞ വർഷമാണ് ചിപ്, ഡിസ്പ്ലേ പ്ലാന്റുകൾ ആരംഭിക്കാനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടത്. സെമി കണ്ടക്ടർ ചിപ്പുകൾ തദ്ദേശീയമായി നിർമിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം പിൻപറ്റിയായിരുന്നു ഈ നീക്കം.
വേദാന്ത - ഫോക്സ്കോൺ കമ്പനികൾക്ക് സാങ്കേതികസഹായം നൽകാനായി യൂറോപ്പിയൻ ചിപ് നിർമാതാക്കളായ എസ്ടി മൈക്രോയെ കൂടി കരാറിൽ പങ്കാളിയാക്കാൻ പദ്ധതിയുണ്ടായിരുന്നു.
എസ്ടി മൈക്രോയ്ക്ക് പദ്ധതി കരാറിൽ മുൻതൂക്കം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഉടക്കിയതോടെ പദ്ധതി മെല്ലെപ്പോക്കിലായിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്സ്കോണിന്റെ പിന്മാറ്റം.