കാട്ടാക്കട എസ്എഫ്ഐ ആൾമാറാട്ടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Friday, July 7, 2023 11:07 PM IST
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യുയുസി ആൾമാറാട്ടക്കേസിലെ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കോളജിന്റെ മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ. വിശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കാട്ടാക്കട ഒന്നാം ക്ലാസ് ജൂഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്.
ഗൗരവമുള്ള കുറ്റകൃത്യമാണ് ഇരുവരും ചേർന്ന് ചെയ്തതെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം നടക്കുന്നതിനിടെ തൽക്കാലം ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇരുവരും കീഴടങ്ങിയത്.
യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത വിശാഖിന്റെ പേര് വിജയികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണ് വിവരം. സംഭവത്തിൽ കോളജ് പ്രിൻസിപ്പലും കൂട്ടുനിന്നുവെന്ന് വ്യക്തമായിരുന്നു.