അജിത് പവാറിന്റെ എന്‍ഡിഎ പ്രവേശനം; ഷിന്‍ഡേ വിഭാഗത്തിൽ പിളര്‍പ്പിന് സാധ്യത
Thursday, July 6, 2023 11:10 AM IST
മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍ഡിഎ പ്രവേശത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൂടുതൽ രാഷ്ട്രീയ പ്രതിസന്ധി. ശിവസേന ഷിന്‍ഡേ വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത.
കഴിഞ്ഞദിവസം മുംബൈയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ കടുത്ത ഭിന്നത പ്രകടമാക്കി. എന്‍സിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.
അജിത് പവാര്‍ എത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ച ഏക്നാഥ് ഷിന്‍ഡേയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അജിത് പവാര്‍ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയായി.
തന്നോടൊപ്പമുള്ള നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബുധനാഴ്ച ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഏക്നാഥ് ഷിന്‍ഡേ മുംബൈയിലെത്തി. നിലവിൽ, ഷിന്‍ഡേ വിഭാഗത്തില്‍ നിന്ന് 15 എംഎല്‍എമാര്‍ ഉദ്ധവ് വിഭാഗവുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം.
കഴിഞ്ഞദിവസമാണ് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ യോഗം നടത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ഇരുവിഭാഗത്തിന്റേയും ശക്തി പ്രകടനത്തില്‍ അജിത്ത് പവാറിനായിരുന്നു നേട്ടം. അജിത് പവാറിനെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ 31 എംഎല്‍എമാര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
53 എംഎല്‍എ മാരില്‍ ശരദ് പവാറിനെ പിന്തുണച്ച് 14 മാത്രമാണ് വൈബി ചവാന് സെന്ററില്‍ എത്തിയത്.