അഭയാർഥി ബോട്ട് ഗ്രീസ് അധികൃതർ മനഃപൂർവം കടലിൽ മുക്കിയതെന്ന് ആരോപണം
വെബ് ഡെസ്ക്
Wednesday, July 5, 2023 11:05 PM IST
ഏഥൻസ്: ഗ്രീസിലെ പൈലോസ് തീരത്തിന് സമീപം അഭയാർഥി ബോട്ട് മുങ്ങി 82 പേർ മരിക്കുകയും അഞ്ഞൂറിലേറെ പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രക്ഷപ്പെട്ടവർ.
ബോട്ട് അപകടത്തെപ്പറ്റി ഗ്രീസ് അധികൃതർക്ക് നേരത്തെതന്നെ വിവരം ലഭിച്ചിട്ടെന്നും രക്ഷാപ്രവർത്തനം വൈകിപ്പിച്ചെന്നും ബോട്ട് കടലിൽ മുക്കികളയാനായി ഗ്രീസ് കോസ്റ്റ് ഗാർഡ് ശ്രമിച്ചെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു.
ലിബിയയിലെ ടോബ്രുക് തീരത്ത് നിന്ന് 750-ലേറെ അഭയാർഥികളുമായി ഗ്രീസിലെ ക്രെറ്റെ പട്ടണം ലക്ഷ്യമാക്കി നീങ്ങിയ മത്സ്യബന്ധന ബോട്ട് ജൂൺ 14-നാണ് അയോണിയൻ കടലിൽ മുങ്ങിത്താണത്.
ലിബിയയിലെ ക്യാമ്പിൽ നിരവധി ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് തങ്ങൾ ബോട്ടിൽ യാത്ര തുടങ്ങിയതെന്ന് ചില അഭയാർഥികൾ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബോട്ടിലെ ഇടുങ്ങിയ ഹള്ളിന്റെ അടിവശം മുതൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര ആരംഭിച്ചത്.
പാക്കിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളോട് ബോട്ട് ജീവനക്കാർ ക്രൂരമായി ആണ് പെരുമാറിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പ്രത്യേക അറയിൽ സുരക്ഷയ്ക്കെന്ന പേരിൽ പൂട്ടിയിട്ടിരുന്നു.
യാത്ര ആരംഭിച്ച് രണ്ടാം ദിനം തന്നെ ബോട്ടിന്റെ എഞ്ചിന് തകരാർ ആരംഭിച്ചിരുന്നു. പരമാവധി മൂന്ന് മണിക്കൂർ സഞ്ചരിച്ചുകഴിഞ്ഞാൽ ബോട്ട് നിന്ന് പോവുകയും തകരാർ പരിഹരിച്ച് വീണ്ടും മുന്നോട്ട നീങ്ങുകയും ചെയ്യുന്ന സ്ഥിതി ആയിരുന്നു.
ഒടുവിൽ ബോട്ടിന്റെ എഞ്ചിൻ പൂർണമായും തകരാറിലായതോടെ, യാത്രികർ ഫ്രഞ്ച് രക്ഷാപ്രവർത്തകരെ ഫോണിലൂടെ ബന്ധപ്പെട്ടു. എന്നിട്ടും ആരും രക്ഷയ്ക്കായി എത്തിയില്ല. തുടർന്ന് ബോട്ട് മുങ്ങുന്നതിന്റെ തലേദിവസം ഗ്രീക്ക് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തങ്ങളെ വട്ടമിട്ട് പറന്നു. അപകടത്തെപ്പറ്റി വൈകിയാണ് അറിഞ്ഞത് എന്ന് ഗ്രീക്ക് അധികൃതർ പറയുന്നത് തെറ്റാണ്.
പിന്നീട് ഒരു ട്രോളറിൽ തങ്ങളുടെ ബോട്ട് കെട്ടിവലിച്ചു. ഇതിനിടെ മനഃപൂർവം ബോട്ടിനെ വലിച്ചുഴച്ച് കടലിൽ മുക്കികളയുകയായിരുന്നുവെന്നും രക്ഷപ്പെട്ടവർ ആരോപിച്ചു. ഗ്രീക്ക് അധികൃതരുടെ ഡിംഗി ബോട്ടുകൾ ഏറെ മാറിയാണ് നിർത്തിയിട്ടിരുന്നത്. ഡിംഗികളുടെ അടുത്തേക്ക് നീന്തി എത്താൻ സാധിക്കുന്നവർ മാത്രം രക്ഷപ്പെട്ടാൽ മതിയെന്ന് ചിന്തയായിരുന്നു അവർക്ക്.
ബോട്ട് മുങ്ങുന്നതിന് മുമ്പായി സമീപത്തുകൂടി പോയ വൻകിട കപ്പലുകളിൽ കയറാൻ തങ്ങളെ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അവർ സഹായിച്ചില്ലെന്നും അഭയാർഥികൾ ആരോപിച്ചു.
ഏഥൻസിന് സമീപത്തുള്ള മലാകാസ എന്ന മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് നിലവിൽ അഭയാർഥികളെ പാർപ്പിച്ചിരിക്കുന്നത്.