സാഫ് കപ്പിനിടെ മേയ്തെയ് പതാക പുതച്ച് ബ്ലാസ്റ്റേഴ്സ് താരം
Wednesday, July 5, 2023 9:09 PM IST
ബംഗളൂരു: സാഫ് കപ്പിൽ കുവൈറ്റിനെ കീഴടക്കി ഒമ്പതാം വട്ടവും ചാമ്പ്യന്മാരായ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ചുറ്റിച്ച് മണിപ്പുർ സംഘർഷത്തിന്റെ അലയൊലികൾ.
സഡൻ ഡെത്തിൽ കുവൈറ്റിനെ വീഴ്ത്തിയ ഇന്ത്യയുടെ ആഘോഷപ്രകടനങ്ങൾക്കിടെ മണിപ്പുർ സ്വദേശിയും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ ജീക്സൺ സിംഗ്, മെയ്തേയ് പതാക പുതച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
മേയ്തെയ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കംഗ്ലെയ്പായ്ക് പതാകയാണ് സിംഗ് പുതച്ചത്. സലായ് തരാത് എന്നറിയപ്പെടുന്ന ഈ പതാക മെയ്തേയ് വിഭാഗത്തിലെ ഏഴ് ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിറങ്ങൾ ഉൾക്കൊള്ളുന്നതാണ്.
പതാക പൂതച്ച് നിൽക്കുന്ന സിംഗിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നത്. വിഭാഗീയത പ്രചരിപ്പിക്കുന്ന പതാക രാജ്യാന്തരവേദിയിൽ ഉപയോഗിച്ചത് തെറ്റാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
പിന്നാലെ, താൻ ഒരു വിഭാഗത്തെയും വേദനിപ്പിക്കാനായി അല്ല പതാക പുതച്ചതെന്നും തന്റെ സ്വന്തം സംസ്ഥാനമായ മണിപ്പുരിലെ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കാനായിരുന്നു നീക്കമെന്നും സിംഗ് ട്വിറ്ററിൽ കുറിച്ചു.