ബംഗളൂരുവിൽ ടണൽ റോഡുകൾ വരുമോ? ഡികെയും സംഘവും ചിന്തയിലാണ്!
Wednesday, July 5, 2023 6:57 PM IST
ബംഗളൂരു: കടുത്ത ഗതാഗതകുരുക്ക് മൂലം ശ്വാസംമുടുന്ന ബംഗളൂരു നഗരത്തിൽ ടണൽ റോഡുകൾ നിർമിക്കാനാവുമോ എന്ന് പരിശോധിക്കാനൊരുങ്ങി സർക്കാർ.
ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗരവികസന വകുപ്പിന്റെ തലവനുമായ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ഇന്ന് ചേർന്ന് അവലോകന യോഗത്തിലാണ് ഈ നിർദേശം ഉയർന്ന് വന്നത്.
നിലവിലുള്ള റോഡുകളുടെ അടിവശത്ത് കൂടി ടണലുകൾ നിർമിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കാൻ ബംഗളൂരു വികസന സമിതിക്ക് ശിവകുമാർ നിർദേശം നൽകി. വിദേശരാജ്യങ്ങളിൽ പണ്ടുമുതലുള്ള ഇത്തരം ടണൽ റോഡുകൾ പണിയാനായി ഏകദേശം 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.
ടണൽ റോഡുകൾ, ഡബിൾ ഡെക്കർ ടണൽ റോഡുകൾ, ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത എന്നീ ആശയങ്ങൾ പ്രായോഗികമാണോയെന്ന് പഠിക്കണമെന്ന് സർക്കാർ നിർദേശം നൽകി.
കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയാൽ ഭൂമി ഏറ്റെടുക്കൽ ചെലവും ഗതാഗത നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ ടണൽ റോഡുകൾ പൂർത്തികരിക്കാമെന്ന് യോഗത്തിന് ശേഷം ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.