മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികൾ മഴവെള്ളപ്പാച്ചിൽ കുടുങ്ങി
Tuesday, July 4, 2023 9:30 PM IST
കോട്ടയം: മുണ്ടക്കയം ഈസ്റ്റ് മേഖലയിൽ മഴവെള്ളപ്പാച്ചിലിനെത്തുടർന്ന് തൊഴിലാളികൾ റബർ എസ്റ്റേറ്റിൽ കുടുങ്ങി.
ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മഴവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടത്. എസ്റ്റേറ്റ് മേഖലയിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴ ലഭിച്ചിരുന്നു.
പുലർച്ചെ ആറോടെ ടാപ്പിംഗിനായി എസ്റ്റേറ്റിലേക്ക് പോയ തൊഴിലാളികൾ 11-ന് തിരികെ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. പ്രദേശത്തെ കൈത്തോട് കരകവിഞ്ഞ് ഒഴുകിയതോടെ സ്ത്രീകൾ ഉൾപ്പെട്ട 17 അംഗ സംഘം ഏറെനേരം കുടുങ്ങിക്കിടന്നു.
പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വടംകെട്ടി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. ശക്തമായ മഴയിൽ എസ്റ്റേറ്റിന്റെ മുകൾഭാഗത്ത് ഉണ്ടായ മഴവെള്ളപ്പാച്ചിലാണ് ചെറിയ കൈത്തോട്ടിൽ പെട്ടെന്ന് വെള്ളം ഉയരാൻ കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.