സെന്തില്‍ ബാലാജി ഭിന്നവിധി: ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
Tuesday, July 4, 2023 5:49 PM IST
ചെന്നൈ: മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിശാല ബെഞ്ച് രൂപീകരിച്ച് കേസ് കേൾക്കാൻ മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റീസ് സൂര്യകാന്ത, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് സെ ന്തില്‍ ബാലാജിയുടെ ഹർജി മദ്രാസ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചുവിട്ടത്.
ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി ഉണ്ടായതിനു പിന്നാലെയാണ് സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സുപ്രീം കോടതിയെ സമീപിച്ചത്. വിശാല ബെഞ്ച് രൂപീകരിച്ച് കേസ് കേൾക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീനോട് സുപ്രീം കോടതി നിർദേശിച്ചു.
കഴിഞ്ഞ മാസം 14ന് ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നെഞ്ചു വേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മന്ത്രിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തി.
ഇതോടെ അദ്ദേഹത്തെ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലായിരുന്നു ബാലാജി യുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈ കാവേരി ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം.