സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കസേര തെറിപ്പിച്ച ക്വാറിയുടെ നിയമലംഘനങ്ങള്‍ പുറത്ത്
Tuesday, July 4, 2023 6:41 PM IST
കോഴിക്കോട്: മങ്കയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പുറത്താകലിന് വഴി വച്ച കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിയമം ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
അരുവിയുടെ ദിശമാറ്റിയും പൊതു റോഡ് കൈയേറിയുമാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന അഭിഭാഷക കമ്മീഷന് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്താണ് ക്വാറിയുടെ പ്രവര്‍ത്തനം.
ക്വാറി ഉടമയുടെ ഇടനിലക്കാരനോട് സ്വന്തം വീടുള്‍പ്പെടെ രണ്ട് വീടുകള്‍ ഏറ്റെടുക്കാനും പരാതി പിന്‍വലിക്കാനുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടുകോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ മങ്കയം ബ്രാഞ്ച് സെക്രട്ടറി രാജീവനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.
ഈ നടപടികള്‍ക്ക് വഴി വച്ച ക്വാറിയുടെ പ്രവര്‍ത്തനം നിയമങ്ങള്‍ പാലിക്കാതെയാണ് നടന്നിരുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശവാസികള്‍ നല്കിയ പരാതി പരിശോധിക്കാനായി കൊയിലാണ്ടി മുന്‍സിഫ് കോടതി അഭിഭാഷക കമ്മീഷനെ വച്ചിരുന്നു.
തെളിവെടുപ്പിനുശേഷം 2019 ഓഗസ്റ്റില്‍ കമ്മീഷന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗൗരവതരമായ പരാമര്‍ശങ്ങളുള്ളത്. തലയാടുനിന്നും വാരിമല മണിച്ചേരിമല റോഡിനോട് ചേര്‍ന്നുള്ള ക്വാറി പ്രവർത്തിക്കുന്നത് റോഡ് കൈയേറിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ക്വാറിയുടെ പടിഞ്ഞാറു ഭാഗത്തെ റോഡിലാണ് കൈയേറ്റമുണ്ടായത്. റോഡില്‍നിന്ന് 50 മീറ്റര്‍ അകലമെങ്കിലും ക്വാറിക്ക് വേണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണിത്. സമീപത്തെ മലയില്‍നിന്നു പൂനൂര് പുഴയില്‍ ചേരുന്ന അരുവിയെ ക്വാറിയുടെ പ്രവര്‍ത്തനത്തിനായി ദിശമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്‍ തോതില്‍ പാറപ്പൊടി തള്ളിയാണ് അരുവിയുടെ ഗതി മാറ്റിയത്. ക്വാറി വേസ്റ്റ് മൂലം അരുവിയുടെ വിസ്തീര്‍ണം ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2018 ജൂണില്‍ പ്രദേശത്ത് ഉരുള്‍ പൊട്ടലുണ്ടായിട്ടും ക്വാറിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകള്‍ അനുമതി നല്‍കയിതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.